അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. അമേരിക്കയിലെ അരിസോണയിൽ പഠിക്കുന്ന തെലങ്കാന സ്വദേശികളായ നിവേശ് മുക്കയും ഗൗതം കുമാർ പാർസിയുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി പ്രാദേശിക സമയം പിയോറിയയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിവേശ് കരിംനഗർ ജില്ലയിലെ ഹുസുറാബാദ് സ്വദേശിയും ഗൗതം കുമാർ ജങ്കാവ് ജില്ലയിലെ ഘാൻപൂരിൽ നിന്നുള്ളയാളുമാണ്. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു. സർവ്വകലാശാലയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് കാറുകളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.